മലയാളിയുടെ തീൻമേശയിൽ രുചി പകരുന്ന പുതിയ അതിഥി ആരോഗ്യത്തിന് വെല്ലുവിളിയാകുന്നു


മലയാളിയുടെ തീൻമേശയിൽ രുചി പകരുന്ന പുതിയ അതിഥി ആരോഗ്യത്തിന് വെല്ലുവിളിയാകുന്നു. കോഴിമുട്ട കണ്ടാൽ നാടനെന്നേ തോന്നൂ. എന്നാൽ അടുത്തറിയുമ്പോൾ അങ്ങിനെയല്ല, രുചിയിൽ കാതലായ മാറ്റവുമുണ്ട്. പക്ഷെ, ആരും തിരിച്ചറിയാതെയാണ് ഈ വ്യാജൻ മാർറ്റുകളിൽ വ്യാപകമായിരിക്കുന്നത്. ഇത്തരം മുട്ടകൾക്ക് കോഴിയുമായി ഒരു ബന്ധവുമില്ലെന്നാണ് പറയുന്നത്. കോഴി ഇല്ലാതെ കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന മുട്ട നമ്മുടെ നാട്ടിൻപുറങ്ങളിൽ പോലും എത്തിക്കുന്നു. ആരോഗ്യവകുപ്പാണെങ്കിൽ ഇതൊന്നും അറിയില്ലെന്നാണ് പറയുന്നത്.

കുട്ടികൾ അടക്കമുള്ളവർ വ്യജമുട്ട കഴിക്കുകയാണെങ്കിൽ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകും. സമൂഹത്തിന് വലിയ ഭീഷണിയാണിത്. നാടൻ കോഴി മുട്ടയുടെ നിറത്തിലാണ് വ്യാജൻ എത്തുന്നത്. വിപണിയിൽ ഡിമാന്റുണ്ടാക്കുന്നതും നാടന്റെ പേരിലാണ്. ചൈനീസ് നിർമ്മിത മുട്ടയെന്ന് പറയുന്ന വ്യാജന് വില കൂടുതലാണ്. തമിഴ്നാട് നിന്നെത്തുന്ന കോഴിമുട്ടയ്ക്ക് പൊതുമാർക്കറ്റിൽ നൂറെണ്ണത്തിന് 360 രൂപയാണ് വില. ചില്ലറ വിൽപ്പനക്കാർ ഒന്നിന് നാല് രൂപ തോതിലാണ് ഈടാക്കുന്നത്. എന്നാൽ നാടൻമുട്ടയുടെ വ്യാജനായെത്തുന്ന ചൈനീസ് മുട്ടയ്ക്ക് അഞ്ച് മുതൽ ആറ് രൂപ വരെ വാങ്ങിയാണ് ചില്ലറ വിൽപ്പന നടത്തുന്നത്. ചൈനയാണ് വ്യാജ മുട്ടയുടെ ഉത്ഭവ കേന്ദ്രമെന്ന് പറയുന്നുണ്ടെങ്കിലും മറ്റുചില രാജ്യങ്ങളിലും ഇത്തരം മുട്ടകൾ ഉണ്ടാക്കുന്നുണ്ടെന്നാണ് പറയുന്നത്.

വ്യാജ മുട്ടയിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങൾ അത് കഴിക്കുന്നവരെ ഇഞ്ചിഞ്ചായി കൊല്ലുന്നതാണെന്നും പറയുന്നു. നിറം നാടൻമുട്ടയുടേതാണെങ്കിലും തൊട്ടാൽ പരുക്കനാണ്. സാധാരണ കോഴിമുട്ട കേടുവന്നാൽ മാത്രമേ കുലുക്കിയാൽ ശബ്ദം കേൾക്കൂ. എന്നാൽ വ്യാജ മുട്ടയ്ക്ക് കേടുവരില്ലെന്ന് മാത്രമല്ല, എല്ലായിപ്പോഴും കുലുക്കമുള്ളതുമായിരിക്കും. ഇതിന്റെ മഞ്ഞക്കരുവിന് നല്ല കട്ടിയുണ്ടായിരിക്കും. സാധാരണ കോഴിമുട്ട പൊട്ടിച്ചാൽ തോടിനുള്ളിൽ നേരിയ പാട കാണാൻ കഴിയും. ചൈനീസ് ഭീകരനിൽ ഇതു കാണില്ല. കോഴിമുട്ട ഉടച്ചാൽ നേരിയതോതിലുള്ള പച്ചയിറച്ചിയുടെ ഗന്ധമുണ്ടാകും. വ്യാജന് ഇതുമുണ്ടാകില്ല.അസ്ഥിദ്രവിക്കുക, കരൾ രോഗങ്ങൾ, വൃക്കരോഗം, മറവി രോഗം തുടങ്ങി ചികിത്സിച്ചാൽ പോലും രക്ഷകിട്ടാത്ത മാരക രോഗങ്ങളാണ് വ്യാജ മുട്ടയുണ്ടാക്കുകയെന്നാണ് പറയുന്നത്. ഒരു കോഴിമുട്ട ഉത്പ്പാദിപ്പിക്കാനാവശ്യമായ ചെലവിന്റെ അഞ്ചിൽ ഒന്ന് മതി വ്യാജനുണ്ടാക്കാൻ.

സോഷ്യൽ മീഡിയകളിൽ വലിയ പ്രചാരണം ഇതിനെതിരെ നടന്നുവരുന്നുണ്ട്. ഇന്റർനെറ്റിൽ ഇതേക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കുന്നുണ്ട്. എന്നാൽ വ്യാജൻ വിപണി അടക്കി വാഴുമ്പോഴും ഇതിനെതിരെ നടപടിയെടുക്കേണ്ട ആരോഗ്യ വകുപ്പ് ഇതൊന്നും അറിയാത്ത മട്ടാണ്. ഇത്തരം മുട്ടകളെക്കുറിച്ച് ജനങ്ങളിൽ ആശങ്കയുണ്ടെങ്കിലും ഇവ പരിശോധിക്കാൻ ഇതേവരെ ഇവർ രംഗത്തെത്തിയിട്ടില്ല.

വ്യാജൻ വാഴുന്നത് തെരുവു വിഭവങ്ങളിൽ
വ്യാജമുട്ടകൾ കൂടുതൽ ഉപയോഗിക്കുക വീടിന് പുറത്തുള്ള ഭക്ഷണങ്ങളിലാണ്. തട്ടുകടകളിലും ഹോട്ടലുകളിലും ഒരു ദിവസം ഉപയോഗിക്കുന്ന മുട്ടയുടെ എണ്ണമെത്രയാണെന്ന് പറയാനേ സാധിക്കില്ല. ഇവയിൽ വ്യാജൻ കടന്നു കൂടാൻ സാധ്യതയുണ്ട്. . ഫ്രൈഡ് റൈസ് പോലുള്ള വിഭവങ്ങളിലാകുമ്പോൾ രുചി വ്യത്യാസം കണ്ടുപിടിക്കാനേ സാധിക്കില്ലെന്നാണ് പറയുന്നത്.